Article on Abortion by Sherin Chacko

ഉണ്ണികള്‍ പിറക്കട്ടെ
മാനത്തൊരു കൊച്ചുനക്ഷത്രം… അത് പുഞ്ചിരിക്കുന്നു… ഭൂമിയിലുള്ള അമ്മമാരെയും കുഞ്ഞുങ്ങളെയും നോക്കി. ആ നക്ഷത്രം ജിയന്നയാണ്. വിശുദ്ധയായ ജിയന്ന ബറേത്ത മൊള. തന്‍റെ കുഞ്ഞിന് ജീവന്‍ നല്‍കാന്‍ സ്വജീവന്‍ ദാനമായി നല്‍കിയവളാണ് ജിയന്നാ. ഡോക്ടറായിരുന്ന, അമ്മായിരുന്ന ജിയന്ന, ജീവിതത്തിലുടനീളം സേവനത്തിന് മുന്‍ഗണന നല്‍കി.

ഇന്നു നമ്മുടെ ലോകത്തെ നോക്കി അവള്‍ ദുഖിക്കുന്നുണ്ടാവും.
ക്രിസ്മസിനെപ്പറ്റി ചിന്തിക്കുമ്പോൾ മനസിലേക്ക് വരുന്നത്, ഒരു ഡോക്ടര്‍ പങ്കുവെച്ച സംഭവം ആണ്….
ഒ.പിയിൽ നാലുവയസുകാരി കുഞ്ഞിനെയുംകൊണ്ട് ഒരമ്മ സിനിമയിലെ ഡയലോഗുപോലെ ഡോക്ടർക്ക് ‘ഓർമയുണ്ടോ ഈ മുഖം’ എന്ന് ചോദിച്ചപ്പോള്‍ ഡോക്ടര്‍ അങ്കലാപ്പിലായി. നേരത്തെ എന്തെങ്കിലും മാരകമായ രോഗം വന്നിട്ട് ചികിത്സിച്ച കുട്ടിയാണോ? ഏതെങ്കിലും രോഗത്തിന് ഓപ്പറേഷനുവേണ്ടി റഫർ ചെയ്യേണ്ടി വന്നിരുന്നോ? എന്നൊക്കെ ചിന്തകള്‍ പലവഴി സഞ്ചരിച്ചു. ഡോക്ടറുടെ സംശയഭാവം കണ്ടപ്പോൾ ആ സ്ത്രീ പറഞ്ഞു: ‘അന്ന് ഡോക്ടർ വളർത്തിക്കൊള്ളാം എന്നു പറഞ്ഞ കുട്ടിയാണ്.‘ എന്നിട്ടും അന്തിച്ചിരുന്നപ്പോൾ ആ അമ്മ തുടർന്നു. ”ഡോക്ടറിന്റെ അടുത്തല്ലേ, ഞാനീ കുഞ്ഞിനെ മൂന്നു മാസം ഗർഭിണിയായിരിക്കുമ്പോൾ അബോർഷൻ ഗുളിക ചോദിച്ചെത്തിയത്.” കുഞ്ഞിനെ മടിയിൽ ഇരുത്തി വളരെ ശബ്ദം കുറച്ചാണത് പറഞ്ഞത്, കുട്ടിയത് മനസിലാക്കാതിരിക്കാൻ. അപ്പോഴാണ് പഴയ സംഭവങ്ങൾ ഓര്‍ത്തത്. ഉദ്ദേശം അഞ്ച് വർഷങ്ങൾക്കു മുൻപ് മൂത്തകുട്ടിക്ക് മൂന്നു വയസും ഇളയകുഞ്ഞിന് അഞ്ചരമാസവും പ്രായമായിരിക്കെ, പലപ്പോഴായി പല രോഗങ്ങള്‍ക്കായി ആ സ്ത്രീ ചികിത്സയ്ക്കായി സമീപിക്കാറുണ്ടായിരുന്നു. ഭർത്താവിന്റെ തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഈ കൈക്കുഞ്ഞുമായി വീണ്ടും ഗർഭിണിയായാൽ ഉണ്ടാകാവുന്ന കഷ്ടപ്പാട് അവൾക്ക് അചിന്തനീയം. ഈ സാഹചര്യത്തിൽ അവരുടെ കുട്ടികളെ സ്ഥിരമായി കാണിക്കുന്ന ഡോക്ടർ എന്ന നിലയിൽ ഉപദേശം ചോദിക്കാനും സാധിക്കുമെങ്കിൽ ഗുളിക ഫാർമസിയിൽനിന്ന് വാങ്ങാൻ ഒരു കുറിപ്പ് തരപ്പെടുത്താനുമാണ് അവർ വന്നത്.

അബോർഷന് തുനിയരുതേയെന്നും കുഞ്ഞ് ജനിച്ചശേഷം ചെറിയ മക്കളെ നോക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, ഇനി ജനിക്കാൻപോകുന്ന കുഞ്ഞിനെ ഞാൻ നോക്കിക്കൊള്ളാമെന്നും പറഞ്ഞ ആ ഡോക്ടര്‍ എത്രയോ പുണ്യം ചെയ്ത ഡോക്ടര്‍ ആണ്. ഡോക്ടറുടെ വാക്കുകൾ എന്ന നിലയ്ക്കവർ നൂറുശതമാനം ആത്മാർത്ഥതയോടെ അവർ അതു വിശ്വസിച്ചു. അബോർഷന് തുനിയാത്തതിനാൽ ദൈവമവർക്ക് പ്രതിഫലമായി രോഗങ്ങളില്ലാത്ത കുഞ്ഞിനെ കൊടുത്തു. രോഗികളെ ചികിത്സിച്ചു സുഖപ്പെടുത്തുമ്പോൾ ലഭിക്കുന്ന സംതൃപ്തിയെക്കാളും വളരെ അധികമായിരുന്നു അപ്പോഴുണ്ടായ ആത്മസംതൃപ്തിയെന്നു ഡോക്ടര്‍ പങ്കുവയ്ക്കുകയുണ്ടായി.
ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞ് അമ്മയുടെ കൈയിലിരുന്ന് പുഞ്ചിരിക്കുമ്പോൾ ലഭിക്കുന്ന സംത്യപ്തി ലോകത്ത് വേറെയൊരു സന്തോഷത്തിനും പകരംവയ്ക്കാനാവില്ല. ഇന്നു വൈദ്യശാത്രം പുരോഗമനത്തിന്‍റെ പാതയില്‍ ഉയര്‍ന്നിട്ടും എയിഡ്സ്നും കാന്‍സറിനും മുന്‍പില്‍ പകച്ചുനില്‍ക്കുമ്പോള്‍ മരുന്നു കണ്ടുപിടിക്കണ്ടവര്‍ ഈ കൊലപാതകത്തിന് ഇരയായോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. വരാനിരിക്കുന്നതെയുള്ളു എന്നു നമ്മുക്ക് ആശ്വസിക്കാം..പ്രാര്‍ത്ഥിക്കാം…
”കർത്താവിന്റെ ദാനമാണ് മക്കൾ; ഉദരഫലം ഒരു സമ്മാനവും” (സങ്കീ.127:3).

മനുഷ്യര്‍ക്ക്‌ മൗലികാവകാശങ്ങള്‍ നല്‍ കിയത്‌ ദൈവമാണ്‌. രാഷ്‌ട്രീയ നിയമങ്ങള്‍ക്കോ, തത്വസംഹിതകള്‍ക്കോ അവ നി ഷേധിക്കാനാവില്ല. ജീവിക്കാനുള്ള അവകാശം അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌. ഇനി ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ തന്നെ മറ്റുള്ളവരുടെ ജീവന്‍റെമേല്‍ കൈവച്ചാല്‍ അതിന്‌ നിയമപരമായ ശിക്ഷയില്ലേ? ഭ്രൂണഹത്യ പാപവും അനീതിയുമാകുന്നത്‌ മനുഷ്യജീവനെ നശിപ്പിക്കുന്ന പ്രവൃത്തിയായതുകൊണ്ടാണ്‌. ഒരു സ്‌ത്രീയുടെ ശരീരത്തെക്കുറിച്ച്‌ തീരുമാനമെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്‌. പക്ഷേ അവളുടെ ഉള്ളിലുള്ളത്‌ അവളുടെ ശരീരമല്ലെങ്കിലോ?
അതിന്‌ കണ്ണുകളും ഹൃദയവും തലച്ചോറും ശ്വാസകോശവും കൈകളും കാലുകളുമുണ്ട്‌. രക്തഗ്രൂപ്പും ഡി.എന്‍.എ യും വ്യത്യസ്‌തമാണ്‌. ഒരു കുഞ്ഞ്‌ ജനിച്ചശേഷം വധിക്കുന്നതും ജനിക്കുന്നതിന്‌ മുന്‍പ്‌ അമ്മയുടെ ഉദരത്തിലായിരിക്കുമ്പോള്‍ വധിക്കുന്നതും തമ്മില്‍ വ്യത്യാസമില്ല. രണ്ടും കൊലപാതകം തന്നെ. അമ്മയുടെ ഉള്ളില്‍ വളരുന്ന കുഞ്ഞ്‌ വേദനയോടും സ്‌പര്‍ശനത്തോടും ശബ്‌ദത്തോടും പ്രതികരിക്കുന്നു. ഇതൊക്കെ ആര് കാണാന്‍? ആര് മനസിലാക്കാന്‍?
”ഞാൻ വന്നിരിക്കുന്നത് നിങ്ങൾക്ക് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ.10:10)
അബോർഷൻ ചെയ്യുന്ന ഡോക്‌ടേഴ്‌സ്, സഹായിക്കുന്ന നേഴ്‌സ്/പ്രേരിപ്പിക്കുന്നവർ ഇവർക്കെല്ലാം മാനസാന്തരം ഉണ്ടാകുവാനായി പ്രാർത്ഥിക്കാം. ജീവിതസുഖം മുഴുവൻ നുണയുവാനായി പാപത്തിന്‍റെ വഴികളിൽ ചരിക്കാതെ നേർവഴിയിൽ നയിക്കപ്പെടാൻ നമ്മുക്ക് സാധിക്കട്ടെ.

തന്‍റെ കുഞ്ഞിന് ജീവന്‍ നല്‍കാന്‍ സ്വജീവന്‍ ദാനമായി നല്‍കിയ ഡോക്ടറായിരുന്ന, അമ്മായിരുന്ന വി.ജിയന്നാ. ഇന്നത്തെ യുഗത്തിന്, വേറൊരു ജീവനെ തിരിച്ചറിയാത്ത ജിവനുള്ള അമ്മയ്ക്ക്, ജിവനുള്ള വൈദ്യശാത്രത്തിന്……മാത്യകയാകട്ടെ…..

Leave a comment